ക്രിയാത്മക ആശയങ്ങൾ തുറന്നിട്ട് കേരള ക്രിയേറ്റീവ് എക്കണോമി ഫെസ്റ്റിവൽ – പ്രവർത്തനറിപ്പോർട്ട്‌

Home / News & Articles / ക്രിയാത്മക ആശയങ്ങൾ തുറന്നിട്ട് കേരള ക്രിയേറ്റീവ് എക്കണോമി ഫെസ്റ്റിവൽ – പ്രവർത്തനറിപ്പോർട്ട്‌

ക്രിയാത്മക ആശയങ്ങൾ തുറന്നിട്ട് കേരള ക്രിയേറ്റീവ് എക്കണോമി ഫെസ്റ്റിവൽ – പ്രവർത്തനറിപ്പോർട്ട്‌

ക്രിയാത്മക ആശയങ്ങൾ തുറന്നിട്ട് കേരള ക്രിയേറ്റീവ് എക്കണോമി ഫെസ്റ്റിവൽ – പ്രവർത്തനറിപ്പോർട്ട്‌

യുനെസ്‌കോ സാഹിത്യനഗരം പദവി അലങ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായ കോഴിക്കോട് ബഹുമുഖമായ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് വേദിയാവുകയാണ്.

വിവിധ രാജ്യങ്ങളിലെ നഗരങ്ങൾക്കുമാത്രം അവകാശപ്പെട്ട സർഗ്ഗാത്മക ശേഷികളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് സുസ്ഥിരവികസനം നടപ്പിലാക്കുക എന്നലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായ യുനെസ്‌കോ രൂപീകരിച്ചതാണ് ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്ക്

ഇതിൽ ഉൾപ്പെട്ട ലോകത്തിലെ 55 സാഹിത്യനഗരങ്ങളിൽ ഒന്നാണ് നമ്മുടെ നഗരമെന്നുള്ളത് ഏറെ അഭിമാനകരമായ കാര്യമാണ്.നഗരത്തിലെ സാഹിത്യ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ പ്രവർത്തനങ്ങളെയും സംഭാവനകളെയും അന്താരാഷ്ട്ര തലത്തിൽ കൊണ്ടുവരാൻ കോഴിക്കോട് കോർപ്പറേഷന് കഴിഞ്ഞതുകൊണ്ടാണ് 2023 ഒക്ടോബർ 31ന് യുനെസ്‌കോ സാഹിത്യനഗരമെന്ന അന്താരാഷ്ട്ര ബഹുമതി നേടാൻ നമുക്ക് കഴിഞ്ഞത്. സാഹിത്യമ്യൂസിയം, എഴുത്തുകാർക്ക് ലോകത്ത് എവിടെയിരുന്നും സാഹിത്യരചനകൾ നടത്താൻ കഴിയുന്ന എഴുത്തുപുരകൾ,ലൈബ്രറി നവീകരണം ,പൊതുവായനാ ഇടങ്ങൾ,സാഹിത്യോത്സവങ്ങൾ,കുട്ടികളുടെ സാഹിത്യപരിപാടികൾ തുടങ്ങി ഭാവനാപൂർണമായ നിരവധി പദ്ധതികളാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്.

സാഹിത്യാഭിമുഖ്യമുള്ള സംസ്‌കാരവും സർഗ്ഗാത്മകതയും പരമാവധി പ്രയോജനപ്പെടുത്തി  സർഗ്ഗാത്മക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുകയാണ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഊന്നിക്കൊണ്ട് നടത്തുന്ന ഇത്തരം പദ്ധതികളിലൂടെ സുസ്ഥിരവികസനം കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്.

  • Heart On Platform

ലാത്വിയയിലെ തുകുംസ് സാഹിത്യനഗരത്തിന്റെ പദ്ധതിയായ Heart on platform ൽ കോഴിക്കോടിലെ പൊതുജനങ്ങളും പങ്കാളിയായി. ആളുകൾ എത്തുകയും പുറപ്പെടുകയും ചെയ്യുന്ന ട്രെയിൻ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, എയർപോർട്ടുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ  നിമിഷ കവിതകൾ അവതരിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി വേരുകളിൽ നിന്ന് പുഷ്പത്തിലേക്ക്എന്ന തീമിൽ ഒരു പ്രൊമോ വീഡിയോ പുറത്തിറക്കി.

  • 20 Minutes Cities

2024 ജൂൺ 3-ന്, മെൽബണിലെ സിറ്റി ഓഫ് ലിറ്ററേച്ചർ ഓഫീസ് പത്തു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 20 Minutes Cities പദ്ധതി പുനരാരംഭിച്ചു.വിവിധ സാഹിത്യനഗരങ്ങളിലെ പുതിയ  എഴുത്തുകാർ 20 മിനിറ്റ് നേരം അവരുടെ നഗരത്തെ പരിചയപ്പെടുത്തി എഡിറ്റിങ് ഇല്ലാതെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു പദ്ധതി.-നഗരത്തിന്റെ സാഹിത്യപരമായ പൈതൃകം, സാംസ്‌കാരിക സമ്പത്ത് എന്നിവ പ്രകാശിപ്പിക്കുന്ന ഈ പരിപാടിയിൽ നഗരത്തെ പ്രതിനിധീകരിക്കാൻ എഴുത്തുകാരിയായ ശ്രീമതി അനന്യ ജിയെ തെരഞ്ഞെടുത്തു. പദ്ധതിയുടെ മാർഗനിർദേശങ്ങൾ പാലിച്ച് അവർ കോഴിക്കോടിനെ മറ്റു സാഹിത്യനഗരങ്ങൾക്ക് പരിചയപ്പെടുത്തി. മെൽബൺ ടീമിന്റെ അഭ്യർഥനപ്രകാരം നഗരത്തിന്റെ വിശദാംശങ്ങൾ  ഒരു ഫോട്ടോയോടൊപ്പം പങ്കുവെക്കുകയുണ്ടായി.തുടർന്ന് അത് Emerging WritersFestival- ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അവതരിപ്പിക്കുകയും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളി ൽ പങ്കുവെക്കുകയും ചെയ്തു. കോഴിക്കോടിന്റെ സാഹിത്യശൈലി ആഗോളതലത്തിൽ എത്തിച്ചേരാൻ ഇത് സഹായിച്ചു.

  • The Town Musicians of Bremen

വിശ്വവിഖ്യാതകൃതിയായ The Town Musicians of Bremen

ന്റെ ഓഡിയോ ഫയൽ   വിവിധ രാജ്യങ്ങളുടെ മാതൃഭാഷയിൽ തയ്യാറാക്കുന്നതിനുള്ള ജർമ്മനിയിലെ ബ്രമൻ സാഹിത്യനഗരത്തിന്റെ പദ്ധതിയിൽ കോഴിക്കോടും പങ്കാളിയായി.നഗരത്തിലെ വിവിധ സ്‌കൂളുകൾ തയ്യാറാക്കിയ ശബ്ദരേഖയിൽ മികച്ചത് ,കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളുടെ ജൂറി തെരഞ്ഞെടുത്ത് ബ്രമൺ സാഹിത്യനഗരത്തിന് കൈമാറിയിട്ടുണ്ട്.കോഴിക്കോട് നഗരത്തിലെ പുതുതലമുറകളുടെ സർഗ്ഗാത്മതയുടെ ശബ്ദം ഇനി ജർമ്മൻ നഗരത്തിലും പ്രതിധ്വനിക്കും.

  • Edinburgh Conference

ലോകത്തിലെ  ആദ്യ യുനെസ്‌കോ സാഹിത്യനഗരമായ  എഡിൻബറോയുടെ (സ്‌കോട്ട്‌ലാന്റ്) ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആ നഗരം നടപ്പിലാക്കിയ എഡിൻബറോ കോൺഫറൻസിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് എൻ.ഐ.ടി കാലിക്കറ്റിലെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റായ ശ്രീ മുഹമ്മദ് ഫിറോസും ഡി.സി ബുക്ക്‌സ് ഡയറക്ടർ ശ്രീ ഗോവിന്ദ് ഡി.സി യും പങ്കെടുത്തു.കൂടാതെ എഡിൻബറോക്ക് ആശംസകൾ അർപ്പിക്കുന്നതിനായി ഓസ്‌ട്രേലിയയുടെ മെൽബൺ സാഹിത്യനഗരി നടപ്പിലാക്കിയ “ The Road That Lead to Edinburg” എന്ന പദ്ധതിയിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ശ്രീ ഒ.പി സുരേഷ് കവിത രചിക്കുകയുണ്ടായി.

  • UCCN Annual Conference

2024 ലെ യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്ക് ആന്വൽ കോൺഫറൻസ് പോർച്ചുഗീസ് നഗരമായ ബ്രാഗായിൽ നടത്തുകയുണ്ടായി.ഈ കോൺഫറൻസിൽ കോഴിക്കോടിനെ പ്രതിനിധാനം ചെയ്ത് ബഹു മേയർ,കോർപ്പറേഷൻ സെക്രട്ടറി എന്നിവർ പങ്കെടുത്ത് ബ്രാഗാ മാനിഫെസ്റ്റോയിൽ ഒപ്പ് വെക്കുകയും ചെയ്തു.പോർച്ചുഗീസ് സഞ്ചാരിയായ വാസ്‌ഗോഡ ഗാമ ഇന്ത്യയിലേക്ക് നടത്തിയ സഞ്ചാരത്തിന്റെ വിവരമടങ്ങുന്ന ലൂസിയാദുകളുടെ ഇതിഹാസം എന്ന ഗ്രന്ഥം മേയർ ബ്രാഗാ മേയറായ റിക്കാർഡോ റിയോക്ക് സമ്മാനിക്കുകയുണ്ടായി.

  • 2025 ലെ ആന്വൽ കോൺഫറൻസ്‌ ഫ്രാൻസിലെ പാരീസിൽ വെച്ചു നടന്നു.ഈ കോൺഫറൻസിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് ബഹു മേയർ, കിലയുടെ ഡയറക്ടർ ജനറൽ നിസാമുദ്ദീൻ ഐ.എ.എസ് എന്നിവർ പങ്കെടുത്തു. അസമത്വമില്ലാത്തതും എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതുമായ സാമൂഹ്യസാഹചര്യം സൃഷ്ടിക്കുന്നതിൽ സംസ്‌കാരം, സർഗ്ഗാത്മകത എന്നിവക്കുള്ള പങ്ക് എന്ന വിഷയം ആസ്പദമാക്കിയായിരുന്നു സമ്മേളനം.
  • Creative Kozhikode-present and Future Ahead

കോഴിക്കോട് യുനെസ്‌കോ സാഹിത്യനഗരവും ഫ്രാൻസിലെ യുനെസ്‌കോ നഗരങ്ങളായ ലിയോണും ആംഗലേമും ചേർന്ന് കെ.എൽ.എഫിന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷൻ മേയറുടെ അധ്യക്ഷതയിൽ ഫ്രഞ്ച് അംബാസിഡർ ഡോ.തിയറി മാത്തു ഉദ്ഘാടനം ചെയ്തു.ജനുവരി 23 മുതൽ 30 വരെ സംഘടിപ്പിച്ച ഈ എക്‌സിബിഷനിൽ Creative city Kozhikode-present and Future Ahead എന്ന വിഷയത്തിൽ മുഖാമുഖം സംഘടിപ്പിച്ചു.മുൻ എം.എൽ.എ ശ്രീ എ പ്രദീപ് കുമാർ ,യുനെസ്‌കോ സാഹിത്യനഗരിയുടെ പ്രതിനിധികളായ ശ്രീ സോഫി ലാക് റോസ്, ജൂലിയ ട്രൗഫോൾഡ്, ശ്രീ സതീഷ്

നമ്പൂതിരിപ്പാട് ഐ.എ.എസ് ,ഡിസി ബുക്ക്‌സ് സി.ഇ.ഒ ശ്രീ രവി.ഡി.സി, കോഴിക്കോട് യുനെസ്‌കോ സാഹിത്യനഗരിയുടെ ചിൽഡ്രൻസ് കൗൺസിൽ അടക്കമുള്ള വിവിധ കമ്മറ്റികളുടെ പ്രതിനിധികളും  പങ്കെടുത്തു.

  • Literary Circuit

കോഴിക്കോടിന്റെ കലാ സാഹിത്യ സാംസ്‌കാരിക ചരിത്രപാരമ്പര്യം ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുന്ന ലിറ്റററി സർക്യൂട്ട്  ഫ്രാൻസിലെ ലിയോൺ സാഹിത്യനഗരിയുടെ ഫോക്കൽ പോയിന്റ് ശ്രീ സോഫി ലാക്‌റോസിന് പരിചയപ്പെടുത്തിക്കൊണ്ട് 2024 ജനുവരിയിൽ ആരംഭിക്കുകയുണ്ടായി.

  • Cultural Exchange

കോഴിക്കോടിന്റെ സാഹിത്യസംസ്‌കാരത്തെക്കുറിച്ച് ലിത്വാനിയൻ യുവതയ്ക്ക് പരിചയപ്പെടുത്തി നൽകണമെന്നുള്ള വിൽനിയസ് സിറ്റി ഓഫ് ലിറ്ററേച്ചറിന്റെ അപേക്ഷ പരിഗണിച്ച് കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് ജേതാവായ ഡോ  ആര്യാഗോപി 2025 ഫെബ്രുവരി 26ന് ഓൺലൈൻ സെഷൻ കൈകാര്യം ചെയ്തു.കൂടാതെ ഡോ ആര്യാഗോപിയുടെ തെരഞ്ഞെടുക്കപ്പെട്ട കവിതകൾ ലിത്വാനിയൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നതിലേക്കായി വിൽനിയസ് സാഹിത്യനഗരിയുടെ ആവശ്യാർത്ഥം നല്കിയിട്ടുണ്ട്.

  • കോഴിക്കോടിന്റെ രചനകൾ അന്താരാഷ്ട്രതലത്തിൽ

  ഹെയ്ഡല്ബർഗ്   റസിഡൻസി പ്രോഗ്രാമിലേക്കായി ആര്യാഗോപിയെ സെലക്ട് ചെയ്തിട്ടുണ്ട്.ന്യൂ നോട്ടിങ്ഹാം ജേർണലിൽ ഇന്ദു മേനോന്റെ ദിഗംബർഎന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു.സാഹിത്യനഗരങ്ങളായ വോഞ്ചു,ഗ്രനാഡ,സീറ്റിൽ,പ്രാഗ് എന്നിവയുടെ റസിഡൻസി പ്രോഗ്രാമുകളിലേക്കും ജേർണലുകളിലേക്കും കോഴിക്കോട് സാഹിത്യനഗരിയുടെ പങ്കാളിത്തമുണ്ട്.

  • Page Against the Machine

നോർവിച്ച് സിറ്റി  ഓഫ് ലിറ്ററേച്ചറും ദ ബുക്ക് ഹൈവും സംഘടിപ്പിച്ച പേജ് എഗൈൻസ്റ്റ് ദ മെഷീൻ ഗ്ലോബൽ റീഡിങ് ചലഞ്ചിൽ കോഴിക്കോടും പങ്കാളിയായി.സ്‌ക്രീനിന് വിട നല്കി പുസ്തകവായനക്കായി അല്പസമയം കണ്ടെത്തുന്ന പരിപാടി പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മെയ് 24 ന് നടന്ന പരിപാടി സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ പുസ്തകം വായിച്ച് ഉദ്ഘാടനം ചെയ്തു.

  • ലിവൈവിന് പുസ്തകങ്ങൾ

ഉക്രൈനിലെ ലിവൈവ് യുനെസ്‌കോ സാഹിത്യനഗരം പുതുതായി ആരംഭിച്ച ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കി കോഴിക്കോട് സാഹിത്യനഗരവും.നഗരത്തിലെ വിവിധ ലൈബ്രറികളിൽ നിന്നായി സമാഹരിച്ച പുസ്തകങ്ങളാണ് ഇതിനായി ലഭ്യമാക്കിയത്.

  • കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ മാധവ് കൗശിക്, സെക്രട്ടറി ഡോ.ശ്രീനിവാസ റാവു, വിഖ്യാത തെലുങ്ക് സാഹിത്യകാരി ശ്രീമതി  സി.മൃണാളിനി എന്നിവർ കോഴിക്കോട് യുനെസ്‌കോ സാഹിത്യനഗരം സന്ദർശിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.ഇതിന്റെ ഭാഗമായി 2025 മാർച്ച് 1ന് കാരപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സാഹിത്യസംവാദത്തിൽ കോഴിക്കോട്ടെ സാഹിത്യകാരന്മാർ,മാധ്യമപ്രവർത്തകർ, എന്നിവർ പങ്കെടുത്തു. മുൻ എം.എൽ.എ എ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.
  • ദേശീയ മാനവികവേദിയുമായി ചേർന്ന് കോഴിക്കോട് കോർപ്പറേഷൻ സാഹിത്യനഗരിയിൽ ചാർ-യാർ ട്രൂപ്പിന്റെ സൂഫി സംഗീതവിരുന്ന് സംഘടിപ്പിച്ചു. ഫെബ്രുവരി 17ന് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ നടന്ന പരിപാടിജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
  • സാഹിത്യനഗരത്തിനായൊരു ഓഫീസ്

ആനക്കുളം സാംസ്‌കാരികനിലയത്തിൽ സാഹി്ത്യനഗരത്തിനായി ഓഫീസ് പ്രവർത്തനമാരംഭിച്ചു.സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതോടൊപ്പം തന്നെ വായനയെ പ്രോത്സാഹിപ്പിക്കാനും ഓഫീസ് മുൻകൈയ്യെടുക്കുന്നു.സൗജന്യമായി അംഗത്വം നൽകുന്ന ലൈബ്രറി പ്രായഭേദമന്യേ എല്ലാവരും പ്രയോജനപ്പെടുത്തിവരുന്നു.

  • ജയിലുകളിൽ വായനയുടെ വെളിച്ചമെത്തിക്കാൻ കോഴിക്കോട് സാഹിത്യനഗരം.ഡിസി ബുക്ക്‌സ് നല്കിയ പുസ്തകങ്ങളാണ് ഇതിനായി ജയിലുകളിലെത്തിച്ചത്.എഴുപതിനായിരത്തോളം വിലവരുന്ന പുസ്തകങ്ങൾ ബഹു.മേയർ ജയിൽവകുപ്പിന് കൈമാറി.
    • പ്രതിഭാറായിയ്ക്ക് സാഹിത്യനഗരത്തിന്റെ സ്വീകരണം

    സാഹിത്യനഗരലബ്ധിക്കുശേഷം കോഴിക്കോട് സാഹിത്യനഗരത്തിന്റെ അതിഥിയായെത്തി ജ്ഞാനപീഠം പുരസ്‌കാരജേതാവ് പ്രതിഭാറായ്.മേയർഭവനിൽ മേയറും കോഴിക്കോട്ടെ എഴുത്തുകാരും മൺമറഞ്ഞ എഴുത്തുകാരുടെ മക്കളും ചേർന്ന് പ്രതിഭാറായിയെ സ്വീകരിച്ചു.യാത്രയുടെ ഓർമ്മയ്ക്കായി പ്രതിഭാറായിയും സാറാജോസഫും  മേയറും ചേർന്ന് സ്മൃതിവൃക്ഷം നട്ടു.കവി. ശ്രീ പി.കെ ഗോപിയുടെ പിറന്നാളാഘോഷവും ചടങ്ങിന്റെ ഭാഗമായി നടന്നു.

  • സാഹിത്യ അവാർഡുകൾ

സാഹിത്യനഗരപദവി ലഭിച്ച ജൂൺ 23 എല്ലാ വർഷവും സാഹിത്യനഗരദിനമായി Bഘോഷിക്കും.ഇതിന്റെ ഭാഗമായി ആറു മേഖലകളിൽ അവാർഡുകൾ പ്രഖ്യാപിച്ചു.വനിതാ എഴുത്തുകാർ,യുവ എഴുത്തുകാർ,ബാലസാഹിത്യം,വിവർത്തനം (മലയാളത്തിൽ നിന്നും ഇതരഭാഷകളിലേക്ക്),വിവർത്തനം (ഇതരഭാഷകളിൽ നിന്ന് മലയാളത്തിലേക്ക്), സമഗ്രസംഭാവന എന്നീ വിഭാഗങ്ങൾക്കാണ് അവാർഡ്.2024 ലെ സമഗ്രസംഭാവന അവാർഡ് എം.ടി വാസുദേവൻ നായർക്ക് സമ്മാനിക്കുകയുണ്ടായി.

 2025-ലെ സാഹിത്യ നഗരദിനാഘോഷത്തോടനുബന്ധിച്ച് നൽകുന്ന വിവിധ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യത്തിലെ സമഗ്രസംഭാവനക്കുള്ള അവാർഡ് സാറാ ജോസഫിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയതാണ് അവാർഡ്.

വനിതാ എഴുത്തുകാരിൽ ആർ.രാജശ്രീയുടെ ആത്രേയകത്തിനും ബാലസാഹിത്യത്തിന് സന്തോഷ് ഏച്ചിക്കാനത്തിന്റെ മിസാറു എന്ന കഥക്കും  യുവ എഴുത്തുകാർ വിഭാഗത്തിൽ പെണ്ണപ്പൻ എന്ന കവിതയുടെ രചയിതാവായ ആദി (ആദർശ്.ഇ) ക്കുമാണ് അവാർഡ്.

മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളിൽ ജെ.ഗോപാലകൃഷ്ണന്റെ തേജോ തുംഗഭദ്രയും മലയാളത്തിൽ നിന്ന് ഇതരഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളിൽ എ.ജെ തോമസിന്റെ The Greatest Malayalam Stories Ever Told എന്ന കൃതിയും അവാർഡിനർഹമായി.

വനിതാ എഴുത്തുകാർ,ബാലസാഹിത്യം, യുവ എഴുത്തുകാർ ,വിവർത്തനം (ഇതരഭാഷകളിൽ  നിന്ന് മലയാളത്തിലേക്ക്),വിവർത്തനം (മലയാളത്തിൽ  നിന്ന് ഇതരഭാഷകളിലേക്ക് ) എന്നീ വിഭാഗങ്ങളിലെ അവാർഡുകൾക്ക് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും  സമ്മാനിക്കും

2022 ജനുവരി 1 മുതൽ 2025 മെയ് 31 വരെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.ആറു മേഖലകളിലെ അവാർഡുകളിൽ  യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുവ എഴുത്തുകാർ വിഭാഗത്തിൽ കോഴിക്കോട്ടെ എഴുത്തുകാരെയാണ് പരിഗണിച്ചത്.

  • സാഹിത്യനഗരത്തിന് 5 കോടി

യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയ പശ്ചാത്തലത്തിൽ കോഴിക്കോടിന്റെ സാംസ്‌കാരികമുന്നേറ്റത്തിനായി ബജറ്റിൽ 5 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കോഴിക്കോട്ടെത്തുന്നസാഹിത്യകാരന്മാർക്ക് ഇവിടെ  താമസിച്ച് സാഹിത്യ-കലാസൃഷ്ടികൾ നടത്താനുള്ള സൗകര്യം,ലൈബ്രറി വികസനം,കുട്ടികളുടെ സാഹിത്യപരിപാടികൾ,സാഹിത്യ ഇടനാഴി,വർഷം തോറും അന്താരാഷ്ട്ര സാഹിത്യോത്സവം,ഫോക്ക് ഫെസ്റ്റ്,ചലച്ചിത്രോത്സവം,സാഹിത്യ അവാർഡുകൾ, എന്നിവ നടത്താനും കോഴിക്കോട്ടെ എഴുത്തുകാരുടെ രചനകൾ പ്രദർശിപ്പിക്കുന്ന സാഹിത്യ മ്യൂസിയം ,സാംസ്‌കാരിക ഇടങ്ങളിൽ സംഗീതവേദികൾ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

  • കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വായനശാലകളെയും സാംസ്‌കാരികനിലയങ്ങളെയും ശാക്തീകരിക്കാൻ 40 ലക്ഷം രൂപയാണ് നടപ്പിലാക്കിയത്.ഇതുവഴി വായനശാലകൾക്കും ലൈബ്രറികൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ വിലവരുന്ന ഫർണിച്ചറുകളാണ് ലഭ്യമാക്കിയത്.അലമാരകൾ,കസേരകൾ,മേശകൾ,കംപ്യൂട്ടർ ടേബിൾ,പോഡിയം എന്നിവയടങ്ങിയ ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം മാർച്ച് 21ന് ടൗൺഹാളിൽ മേയർ നിർവ്വഹിച്ചു.

ഇത്തരം പദ്ധതികൾ ഏറ്റെടുത്തു  നടപ്പിലാക്കുന്നതിലൂടെ കോഴിക്കോടിന്റെ സാഹിത്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മറ്റ് സാഹിത്യനഗരികളുടെ സാഹിത്യസംസ്‌കാരത്തെ അടുത്തറിയാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു.

യുനെസ്‌കോ ക്രിയേറ്റീവ് സിറ്റി നെറ്റ്വർക്കിൽ ഉൾപ്പെട്ട നഗരങ്ങളുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കേണ്ടതും യുനെസ്‌കോയ്ക്ക് നല്കിയ  ആക്ഷൻപ്ലാനിൽ ഉൾപ്പെട്ട മറ്റു പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് നടപ്പിലാക്കി മെമ്പർഷിപ്പ് മോണിറ്ററിങ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്.ഈ ആക്ഷൻ പ്ലാനിൽ ഉൾപ്പെട്ടുകൊണ്ടുള്ള പ്രോജക്ടുകൾക്ക് മുൻതൂക്കം നല്കി 5 കോടി രൂപയാണ് സാഹിത്യനഗരത്തിനായി നീക്കിവെച്ചത്.

  • കോകോ ഫിലിം ഫെസ്റ്റ്

സാഹിത്യം  മുഖ്യ പ്രമേയമാക്കി ചലച്ചിത്രഅക്കാദമി, അശ്വിനി ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജനുവരി 5 മുതൽ 11 വരെ കോര്പ്പറേഷൻ സംഘടിപ്പിച്ച കോകോ ഫിലിം ഫെസ്റ്റ് കോഴിക്കോടിന് സമ്മാനിച്ചത് ലോകസിനിമകളുടെ ആറു ദിനരാത്രങ്ങളാണ്. പതി‌നെട്ട് മലയാള ചിത്രങ്ങളടക്കം ആകെ 42 ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടു.ചലച്ചിത്ര അക്കാദമി വൈസ് അക്കാദമി വൈസ് ചെയർമാൻ പ്രംകുമാർ മേള ഉദഘാടനം ചെയ്തു.ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് വലിയ സംഭാവന വനല്കിയ അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകൻ ചെലവൂർ വേണുവിനെ ഉദ്ഘാടനച്ചടങ്ങിൽ ആദരിച്ചു.

  • കോകോ ഫോക് ഫെസ്റ്റ്

കോർപ്പറേഷൻ വജ്രജൂബിലി ആഘോഷത്തിന്റെയും കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിച്ചതിന്റെയും ഭാഗമായി കോകോ ഫെസ്റ്റിവൽ സംഘടിപ്പിച്ചു.കണ്ടംകുളം ജൂബിലിഹാളിലും മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും ആഗസ്ത് 8 മുതൽ 24 വരെ നടത്തിയ പരിപാടിയിൽ കളമെഴുത്ത്,തിരിയുഴിച്ചിൽ ,കളമെഴുത്ത് ശില്പശാല,പടയണി,വിവിധതരം തെയ്യം,തിറ എന്നിവ അരങ്ങേറി. 

  • വജ്രജൂബിലി ഫെലോഷിപ്പ്

കേരള സാംസ്‌കാരിക വകുപ്പിന്റെ പദ്ധതിയായ വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യകലാപഠനം കോഴിക്കോട് കോർപ്പറേഷനു കീഴിൽ ആനക്കുളം സാംസ്‌കാരിക നിലയത്തിൽ തുടർന്നുവരുകയാണ്.

വിവിധ കാരണങ്ങളാൽ കലാപഠനം അസാധ്യമായ ഒട്ടേരെ പേരാണ് മോഹിനിയാട്ടം,കഥകളി,ശില്പകല,ദഫമുട്ട്,ചെണ്ട,നാടകം,സംഗീതം,ചിത്രരചന, തിരുവാതിര എന്നിങ്ങനെ ഒമ്പത് വിഭാഗങ്ങളിലായി പരിശീലനം നേടുന്നത്.പ്രായഭേദമന്യേ എല്ലാവർക്കും കലാപഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോർപ്പറേഷൻ ഏറ്റെടുത്ത ഈ പദ്ധതിയിലൂടെ 10 കലാകാരന്മാർക്കും ഫെലോഷിപ്പ് നൽകുന്നു.2 വർഷമാണ് പരിശീലന കാലാവധി.

സാമ്പത്തിക പരാധീനതകൾ കൊണ്ട് കലാപഠനം സാധ്യമാകാതിരുന്ന ഒട്ടേറെപ്പേർ പദ്ധതിയുടെ ഭാഗമായി.ഇതിൽ രണ്ടരവർഷത്തോളം കഥകളി അഭ്യസനം നടത്തി ഇതൾ,യാമി എന്നീ വിദ്യാർത്ഥികൾ കരസ്ഥമാക്കിയ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് എടുത്തുപറയേണ്ടതാണ്.ഫെലോഷിപ്പ് ക്ലാസിലൂടെ മാത്രം  ഗൗരി എന്ന വിദ്യാർത്ഥിനി സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയതും വജ്രജൂബിലിയുടെ വിജയം തന്നെയാണ്.